പ്രായമേറുമ്പോള്‍ കേൾവി
ചിലരില്‍ കേള്‍വിക്കുറവ് 50 വയസ് മുതല്‍തന്നെ ചെറിയതോതില്‍ ആരംഭിക്കാം. പാരമ്പര്യം ഒരു പ്രധാനകാരണമാണ്. ചിലരില്‍ എഴുപതുവയസിനുശേഷമായിരിക്കും കേള്‍വിക്കുറവ് അനുഭവപ്പെടുന്നത്.
മറ്റ് ബധിരരില്‍നിന്ന് വ്യത്യസ്‌തമായി പ്രെസ്‌ബൈഒക്കോസിസില്‍ രണ്ട് ചെവിയിലും കേള്‍വിക്കുറവ് ഒരുപോലെയായിരിക്കും. കേള്‍വി കുറയുന്നത് സ്വയം മനസിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല.
വേഗത കുറച്ച് സംസാരിക്കാന്‍ ആവശ്യപ്പെടുക, വ്യക്‌തമായി സംസാരിക്കാനോ ഉറക്കെ സംസാരിക്കാനോ പറയുക, പറഞ്ഞകാര്യങ്ങള്‍ വീണ്ടും വീണ്ടും പറയാന്‍ ആവശ്യപ്പെടുക ഇതൊക്കെയാണ് പ്രെസ്‌ബൈഒക്കോസിസുള്ളവരെ തിരിച്ചറിയാനുള്ള മാര്‍ഗം.
ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കേണ്ട ബാധ്യത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ്.
ശബ്‌ദം കുറവാണെന്ന കാരണത്താല്‍ റേഡിയോ, ടെലിവിഷന്‍ എന്നിവ ഉയര്‍ന്ന ശബ്‌ദത്തില്‍ വയ്‌ക്കുക, ഫോണില്‍കൂടി സംസാരിക്കുമ്പോള്‍ വീണ്ടും വീണ്ടും കാര്യങ്ങള്‍ ചോദിക്കുക എന്നിവ ഇവരുടെ പ്രത്യേകതയാണ്. ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കാതിരിക്കുമ്പോള്‍ മറ്റുള്ളവര്‍ ദേഷ്യപ്പെട്ടേക്കാം.
അപ്പോഴും സ്വന്തം കേഴ്‌വിക്കുറവിനെക്കുറിച്ച് അവര്‍ ബോധവാന്മാരായിരിക്കുകയില്ല. മറ്റുള്ളവര്‍ സംസാരിക്കുന്നതിന്റെ കുഴപ്പമാണെന്ന് ന്യായീകരിക്കാനായിരിക്കും ശ്രമിക്കുക. ശബ്‌ദം ശ്രവിക്കാനുള്ള ശേഷികുറയുന്നതിനാല്‍ മറ്റുള്ളവരുടെ ചുണ്ടു അനങ്ങുന്നതു നോക്കി കാര്യങ്ങള്‍ മനസിലാക്കാന്‍ ഇവര്‍ ശ്രമിക്കും.