Kochi
+918078990955
+918089107757

കേള്‍വി വൈകല്യത്തെ അതിജയിക്കുക ജന്മനാ ഉള്ള കേള്‍വ...

കേള്‍വി വൈകല്യത്തെ അതിജയിക്കുക ജന്മനാ ഉള്ള കേള്‍വി വൈകല്യത്തെ അതിജയിക്കുക എന്നത് മാതാപിതാക്കളുടെയോ അല്ലെങ്കില്‍ അതത് കുടുംബങ്ങളുടെയോ മാത്രം ആവശ്യമായി വരികയാണിന്ന്. ഏതുതരം വൈകല്യമായാലും അതിന്റെ അതിജീവനം ഒരു സാമൂഹിക ആവശ്യമായി മാറുമ്പോഴാണ് അത് കൂടുതല്‍ പ്രായോഗികമാവുക. ബധിരര്‍ക്കുള്ള ഭാഷ എന്നത് ആംഗ്യഭാഷയാണ് എന്ന പൊതുകാഴ്ചപ്പാട് നമ്മുടെ സമൂഹത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുക എന്നതാണ് പ്രധാനം. 'അന്ധതയെക്കാള്‍ ഞാന്‍ വെറുക്കുന്നത് ബധിരതയാണ്' എന്ന വചനം ഹെലന്‍ കെല്ലറുടേതാണ്. ആശയവിനിമയത്തിന്റെ പരമപ്രധാന ഉപാധികളായ കേള്‍വിയും ഭാഷയും നഷ്ടപ്പെടുന്നു എന്നതുതന്നെ ആയിരിക്കണം ഈ പ്രസ്താവനയുടെ നിദാനം. അതോടൊപ്പം ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ സാമൂഹികവും മാനസികവുമായ വളര്‍ച്ചയില്‍ ആശയവിനിമയത്തിന്റെ അഭാവം ഏറെ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും അത് ഭാവിയുടെ സാധ്യതകളെ തടയുകയും ചെയ്യുന്നു. ഒരു കുട്ടിയുടെ പ്രായത്തിനും വളര്‍ച്ചക്കും കേള്‍വി ശക്തിക്കും അനുസരിച്ച് ഫലപ്രദമായ രീതിയില്‍ പരിശീലനം നല്‍കുകയാണെങ്കില്‍ ജന്മനാ ബധിരനാണെങ്കിലും, അവനെ/അവളെ കുറെയെങ്കിലും ആശയവിനിമയത്തിന് ഭാഷ കൈകാര്യം ചെയ്യാന്‍ പ്രാപ്തനാക്കാനാകും. കേള്‍വിക്കുറവ് തങ്ങളുടെ കുട്ടിക്കുണ്ട് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുവാന്‍ വിസമ്മതിക്കുന്ന സ്ഥിതിയാണ് പൊതുവെ കണ്ടുവരുന്നത്. ഒന്നര-രണ്ട് വയസ്സായിട്ടും കുട്ടി സംസാരിക്കാതിരിക്കുകയും ശബ്ദങ്ങളോട് വേണ്ടത്ര പ്രതികരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അത് ക്രമേണ ശരിയാകും എന്ന കാഴ്ചപ്പാട് സ്വീകരിക്കുന്നവരാണ് ഭൂരിഭാഗവും. അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് / രക്ഷകര്‍ത്താക്കള്‍ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളുടെ ആധിക്യത്തില്‍ പ്രത്യേക തീരുമാനങ്ങളിലെത്തിച്ചേരാതെയോ, ഒരേ സമയം ഒട്ടേറെ തീരുമാനങ്ങളെടുത്തോ കാലം കഴിക്കുമ്പോള്‍ വൈകല്യത്തെ അതിജീവിക്കാനുള്ള പരിശീലനത്തിനുള്ള സമയം നഷ്ടപ്പെടുത്തുകയാണ് . മനസ്സിലാക്കേണ്ട പ്രധാന വസ്തുത, വളരെക്കുറച്ച് പേര്‍ക്കേ പൂര്‍ണമായ ബധിരത ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്നതും, വളരെ ഗുരുതരമായ രീതിയില്‍ കേള്‍വി വൈകല്യമുള്ളവരും (90%ത്തിന് മുകളില്‍) ഗുരുതരമായി കേള്‍വി വൈകല്യമുള്ളവരും (90%ത്തില്‍ താഴെ) ആയിരിക്കും കൂടുതല്‍ പേരും എന്നതുമാണ്. ചിലപ്പോള്‍ ഇരു ചെവികളുടെയും ശ്രവണശക്തിയും വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ, വലിയ ശബ്ദങ്ങളോട് ചിലര്‍ പ്രതികരിക്കുകയും ചെയ്യുന്നു. ഈ പ്രതികരണം തെറ്റിദ്ധരിക്കപ്പെടുകയും കുഞ്ഞിന് കേള്‍വിയുണ്ട് എന്ന ധാരണയിലെത്താന്‍ പ്രേരണയാവുകയും ചെയ്യുന്നു. ഭാഷ പഠിക്കാന്‍ കേള്‍വി ഇല്ലാതെ ഭാഷ പഠിക്കാനാകില്ല അഥവാ സംസാരിക്കാനാകില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ വൈകുന്നതാണ് കേള്‍വി വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ നേരിടുന്ന പ്രധാന പ്രശ്നം. കുട്ടി സംസാരിക്കാന്‍ വൈകുമ്പോള്‍ കുടുംബത്തിനകത്തെ അന്ധവിശ്വാസങ്ങള്‍ പൊടിതട്ടിയെടുക്കപ്പെടുന്നു. അവസാനം കുട്ടിക്ക് ആശയവിനിമയത്തിന് ആവശ്യമായ ഭാഷ സ്വായത്തമാക്കാന്‍ പരിശീലനം നല്‍കേണ്ട യഥാര്‍ത്ഥ കാലയളവ് പിന്നിട്ട ശേഷമാണ് ബധിരത ഒരു യാഥാര്‍ത്ഥ്യമായും, കുട്ടിക്ക് ആശയവിനിമയത്തിന് ഭാഷ മരീചികയായതിന്റെ ഫലമായി ആംഗ്യഭാഷ സ്വീകരിക്കാനും ഇടയാകുന്നത്. നമ്മുടെ പൊതുവിദ്യാഭ്യാസത്തില്‍ പോലും ഭാഷാ പഠനത്തിന്റെ അടിസ്ഥാന തത്വമായി സ്വീകരിക്കപ്പെടുന്നത് LSRWകാഴ്ചപ്പാടാണ്. കേട്ട് മനസ്സിലാക്കുക (Listen), സംസാരിക്കുക (Speak) വായിക്കുക(Read), എഴുതുക(Write) എന്ന ക്രമമാണ് ഭാഷാ പഠനത്തിന്റെ വഴിയെന്നാണ് പറയപ്പെടുന്നത്. ഒരു സാധാരണ കുട്ടിക്ക് ഭാഷാ പഠനത്തിന് ബോധപൂര്‍വ്വമല്ലെങ്കിലും ഈ സൌകര്യം ലഭ്യമാണ്.  എന്നാല്‍, ശ്രവണ വൈകല്യമുള്ള കുട്ടികളെ സംബന്ധിച്ച നമ്മുടെ സാമൂഹിക ധാരണ ആദ്യം സംസാരിക്കുക എന്നതാണ്. അതിനാല്‍ തന്നെ കേള്‍വി ഇല്ലാത്ത കുട്ടി സംസാരിക്കാത്തതിനാല്‍ കേള്‍ക്കട്ടെ എന്ന് തീരുമാനിക്കുന്നതിന് പകരം ആംഗ്യത്തിലൂടെ ആശയവിനിമയം നടത്താം എന്ന എളുപ്പ വഴിയാണ് സ്വീകരിക്കുന്നത്. ഇത് ആശയവിനിമയത്തിന് ഭാഷ ഉപയോഗിക്കാനും സ്വീകരിക്കാനുമുള്ള കുട്ടിയുടെ നൈസര്‍ഗികമായ താല്‍പര്യത്തെയും കഴിവിനെയും നശിപ്പിക്കുന്നു. കേള്‍വിക്കുറവ് തിരിച്ചറിയാന്‍ കുഞ്ഞിന് കേള്‍വിക്കുറവുണ്ടോ എന്ന സംശയമുണ്ടെങ്കില്‍ തന്നെ ഒരു ഓഡിയോളജിസ്റിന്റെ സഹായത്തോടെ കുട്ടികളുടെ കേള്‍വി പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. കേള്‍വിക്കുറവ് ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെങ്കില്‍ ഏറ്റവും യോജിച്ച ശ്രവണ സഹായി തിരഞ്ഞെടുക്കാന്‍ ഓഡിയോളജിസ്റ് നമ്മെ സഹായിക്കും. എത്ര നേരത്തേ കേള്‍വിക്കുറവ് കണ്ടെത്താനാകുന്നുവോ അത്രയും നല്ലത്. തുടര്‍ന്ന് ശ്രവണസഹായി ഘടിപ്പിച്ച് കുട്ടിക്ക് ശബ്ദം അനുഭവിപ്പിക്കാന്‍ കഴിയുന്നു. അതോടെ മാത്രമേ ശബ്ദം എന്ന യാഥാര്‍ത്ഥ്യം കുട്ടി തിരിച്ചറിയുന്നുള്ളൂ. ഇത് അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളാണ്. നമ്മുടെ കുട്ടി നമ്മുടേത് മാത്രമല്ല, മറിച്ച് സമൂഹത്തിന്റെ ഭാഗവും കൂടിയാണ്. ദയവായി നമ്മുടെ അസൌകര്യങ്ങളുടെ പേരില്‍ ഒരു ഭാവി ജീവിതത്തെ നിസ്സാരമാക്കരുത്.
 2019-04-08T11:23:36