നമ്മുടെ #ചെവികൾ മെക്കാനിക്ക്‌സിന്റെയും ഹൈഡ്രോളിക്‌സിന്റെയും ഇലക്‌ട്രോണിക്‌സിന്റെയും ഉന്നതഗണിതശാസ്‌ത്രത്തിന്റെയും തത്വങ്ങൾ അവയുടെ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തുന്നു!!!
നിങ്ങൾ കാണാനാഗ്രഹിക്കാത്തപ്പോൾ നിങ്ങളുടെ കണ്ണുകളടക്കാൻ കഴിയും. നിങ്ങൾ മണക്കാനാഗ്രഹിക്കാത്തപ്പോൾ നിങ്ങൾക്ക് ശ്വാസംവലിക്കാതിരിക്കാൻ കഴിയും. എന്നാൽ നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കാത്തപ്പോൾ യഥാർത്ഥമായി നിങ്ങൾക്ക് ചെവിയടക്കാൻ കഴികയില്ല. “ചെവിയടച്ചുകളയുക” എന്നത് ഒരു അലങ്കാരപ്രയോഗം മാത്രമാണ്. നിങ്ങളുടെ ഹൃദയസ്‌പന്ദനം പോലെ, നിങ്ങളുടെ കേൾവിയും നിങ്ങൾ ഉറങ്ങുമ്പോഴും പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
തീർച്ചയായും, നമ്മുടെ ചെവികൾ നമുക്കു ചുററുമുള്ള ലോകവുമായി നമ്മെ സമ്പർക്കത്തിൽ നിർത്താൻ സദാ സമയവും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അവ നാം കേൾക്കുന്നതിൽനിന്ന് തെരഞ്ഞെടുക്കുകയും അതിനെ വിശകലനംചെയ്യുകയും പൊരുൾതിരിക്കുകയും തലച്ചോറിലേക്കെത്തിക്കുകയും ചെയ്യുന്നു. ഏതാണ്ടൊരു ഘനയിഞ്ചിനുള്ളിൽ നമ്മുടെ ചെവികൾ ധ്വനികശാസ്‌ത്രത്തിന്റെയും മെക്കാനിക്ക്‌സിന്റെയും ഹൈഡ്രോളിക്‌സിന്റെയും ഇലക്‌ട്രോണിക്‌സിന്റെയും ഉന്നതഗണിതശാസ്‌ത്രത്തിന്റെയും തത്വങ്ങൾ അവയുടെ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തുന്നു. നമ്മുടെ കേൾവിക്ക് തകരാറൊന്നുമുണ്ടാകുന്നില്ലെങ്കിൽ, ചെവികൾക്കു ചെയ്യാൻ കഴിയുന്ന ഏതാനുംചില കാര്യങ്ങൾ പരിചിന്തിക്കുക.
#ഏററം മന്ദസ്വരത്തിലുള്ള മന്ത്രിക്കൽ മുതൽ ഒരു ജററുവിമാനം പറന്നുയരുന്നതിന്റെ ഇടിനാദസമാനമായ ഗർജ്ജനം വരെ 1, 00, 00, 00, 00, 00, 000ത്തോളം മടങ്ങ് ശബ്ദവ്യതിയാനങ്ങളെ നമ്മുടെ ചെവികൾക്ക് നേരിടാൻ കഴിയും. ശാസ്‌ത്രീയമായി പറഞ്ഞാൽ, ഇത് ഏതാണ്ട് 130 ഡസിബലിന്റെ വ്യാപ്‌തിയാണ്.
#നമ്മുടെ ചെവികൾക്ക് ആളുകൾ നിറഞ്ഞ ഒരു മുറിയിലെ ഒരു സംഭാഷണം വേർതിരിച്ചെടുക്കാനും അതിൽ കേന്ദ്രീകരിക്കാനും കഴിയും. അല്ലെങ്കിൽ, നൂറ് ഉപകരണങ്ങളുപയോഗിച്ചുള്ള ഒരു ഓർക്കെസ്‌ട്രായിലെ ഒരുപകരണത്തിലെ തെററായ ഒരു നോട്ട് കണ്ടുപിടിക്കാൻ കഴിയും.
#മാനുഷകാതുകൾക്ക് ഒരു ശബ്ദപ്രഭവത്തിന്റെ ദിശയിലെ വെറും രണ്ടു ഡിഗ്രിയുടെ മാററത്തെപ്പോലും കണ്ടുപിടിക്കാൻ കഴിയും. ശബ്ദം എത്തിച്ചേരുന്ന സമയത്തിലെ അതിസൂക്ഷ്‌മ വ്യത്യാസവും ഇരുചെവികളിലെയും തീവ്രതയും ഗ്രഹിക്കുന്നതിനാലാണ് അവ ഇതു ചെയ്യുന്നത്. സമയവ്യത്യാസം ഒരു സെക്കണ്ടിന്റെ ലക്ഷത്തിലൊന്നായിരിക്കാം, എന്നാൽ ചെവികൾക്ക് ഇതു കണ്ടുപിടിക്കാനും തലച്ചോറിലേക്ക് എത്തിക്കാനും കഴിയും.
#നമ്മുടെ ചെവികൾക്ക് ഏതാണ്ട് 4, 00, 000 ശബ്ദങ്ങൾ വേർതിരിച്ചറിയാൻ കഴിയും. ചെവികളിലെ സംവിധാനങ്ങൾ ശബ്ദതരംഗത്തെ സ്വതഃപ്രവർത്തകമായി വിശകലനംചെയ്യുകയും നമ്മുടെ സ്‌മരണയിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ളവയുമായി പൊരുത്തപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെയാണ് ഒരു സംഗീതസ്വരം ഒരു വയലിനിലാണോ ഫ്‌ളൂട്ടിലാണോ വായിക്കുന്നതെന്ന് അല്ലെങ്കിൽ നിങ്ങളെ ഫോണിൽവിളിക്കുന്നതാരാണെന്ന് പറയാൻ കഴിയുന്നത്.
നമ്മുടെ തലയുടെ വശത്ത് നാം കാണുന്ന “ചെവി” യഥാർത്ഥത്തിൽ ഒരു ഭാഗം മാത്രമാണ്, നമ്മുടെ ചെവിയുടെ ഏററം ദൃശ്യമായ ഭാഗം. ചെവി ബാഹ്യകർണ്ണം, മദ്ധ്യകർണ്ണം, ആന്തരകർണ്ണം എന്നിങ്ങനെ മൂന്നു ഭാഗങ്ങളാൽ നിർമ്മിതമാണെന്ന് വിദ്യാലയദിനങ്ങൾ മുതൽ നമ്മിൽ മിക്കവരും ഓർക്കാനിടയുണ്ട്. ബാഹ്യകർണ്ണം പരിചിതമായ ത്വക്കും തരുണാസ്ഥിയും കൊണ്ടുള്ള “ചെവി”യും കർണ്ണപുടത്തിലേക്കു നയിക്കുന്ന കർണ്ണനാളവും ഉൾക്കൊള്ളുന്നതാണ്. മദ്ധ്യകർണ്ണത്തിൽ മനുഷ്യശരീരത്തിലെ ഏററവും ചെറിയ മൂന്ന് അസ്ഥികൾ—സാധാരണയായി ചുററികാസ്ഥിയെന്നും അടക്കല്ല് എന്നും സ്‌ററിറപ്പ് എന്നും വിളിക്കപ്പെടുന്ന മാള്യൂസ്, ഇൻകസ്, സ്‌റേറപിസ്—കർണ്ണപുടത്തെ ആന്തര കർണ്ണത്തിലേക്കുള്ള കവാടമായ അണ്ഡാകാര ജനാലയോടു ബന്ധിപ്പിക്കുന്ന ഒരു പാലമായിത്തീരുന്നു. ആന്തര കർണ്ണം വിചിത്രരൂപത്തിലുള്ള രണ്ടു ഭാഗങ്ങൾ—മൂന്ന് അർദ്ധവൃത്താകാരനാളങ്ങളുടെ കുലയും ഒച്ചിന്റെ ആകൃതിയിലുള്ള കർണ്ണവള്ളിയും—ചേർന്നുണ്ടായിരിക്കുന്നതാണ്.